ഓസ്റ്റിൻ: യുഎസിലെ ടെക്സസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥൻ നടത്തിയ വെടിവയ്പിൽ ഒരാൾക്കു ഗുരുതര പരിക്കേറ്റു. സംഭവത്തിനു പിന്നാലെ പ്രദേശത്ത് ശക്തമായ ഐസ് വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് നഗരത്തിന്റെ വടക്കൻ മേഖലയിലാണു സംഭവം. ട്രാഫിക് പരിശോധനയ്ക്കിടെയാണ് വെടിവയ്പുണ്ടായതെന്ന് ഓസ്റ്റിൻ പൊലിസ് മേധാവി ലിസ ഡേവിഡ് പറഞ്ഞു. വെടിയേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നിലവിൽ ഇയാളുടെ ആരോഗ്യമില തൃപ്തികരമാണെന്നും പൊലിസ് വ്യക്തമാക്കി. പരിക്കേറ്റയാളുടെ വ്യക്തിവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
സംഭവത്തിനു പിന്നാലെ നിരവധിയാളുകൾ പ്രദേശത്ത് തടിച്ചുകൂടുകയും പൊലിസിനെതിരേ പ്രതിഷേധിക്കുകയും ചെയ്തു.
അതേസമയം, വെടിവയ്പ്പിൽ പങ്കില്ലെന്ന് അറിയിച്ച ഓസ്റ്റിൻ പൊലിസ്, സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഐസ് സ്വയം അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്ന് ഓസ്റ്റിൻ മേയർ കിർക്ക് വാട്സൺ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷിതത്വബോധം ഉറപ്പാക്കാൻ നിഷ്പക്ഷമായ അന്വേഷണം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിൽ അടുത്തകാലത്തായി ഐസ് ഉദ്യോഗസ്ഥർ നടത്തുന്ന റെയ്ഡുകളും വെടിവയ്പുകളും വലിയജനരോഷത്തിനു കാരണമായിട്ടുണ്ട്. ജൂലൈയിൽ ഹൂസ്റ്റണിൽ ഐസിഇ ഉദ്യോഗസ്ഥന്റെ വെടിയേറ്റു നിർമാണതൊഴിലാളി കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ശൈത്യകാലത്ത് മിനസോട്ടയിൽ നടന്ന സമാനമായ കൊലപാതകങ്ങളും രാജ്യവ്യാപകമായ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.